Sections

സ്റ്റാര്‍ട്ടപ്പോ... ബിസിനസോ...? ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രധാന വ്യത്യാസങ്ങള്‍ മനസിലാക്കൂ

Thursday, Aug 19, 2021
Reported By Aswathi Nurichan
startup or business

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവയെ കുറിച്ചുള്ള എല്ലാ വശങ്ങളും മനസിലാക്കിയായിരിക്കണം മുന്നോട്ട് പോകേണ്ടത്

ഇന്നത്തെ കാലത്ത് സ്ഥിരമായി കേള്‍ക്കുന്ന വാക്കാണ് സ്റ്റാര്‍ട്ടപ്പ് എന്നത്. പുതു തലമുറ കൂടുതലായി സ്റ്റാര്‍ട്ടപ്പിന് പ്രധാന്യം കൊടുക്കുന്നവരാണ്. സ്റ്റാര്‍ട്ടപ്പ് എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പണ്ട് കാലങ്ങളില്‍ ബിസിനസ് എന്ന ആശയം മാത്രമാണ് എല്ലാവരും കേട്ടിരുന്നത്. കുറച്ച് കാലങ്ങളായി പുതുതലമുറയില്‍ ഉള്ളവര്‍ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നു. എന്തായിരിക്കും ഇതിന്റെ കാരണം? സ്റ്റാര്‍ട്ടപ്പും ബിസിനസും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സംരംഭകന്റെ ചിന്താഗതി

വരുമാനമുണ്ടാക്കണം എന്നതിനേക്കാള്‍ സംരംഭത്തെ വളര്‍ത്തണം എന്നതായിരിക്കും സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നവരുടെ ചിന്താഗതി. സംരംഭത്തെ വിജയിപ്പിക്കണമെന്നും പ്രശസ്തി ലഭിക്കണമെന്നും ആഗ്രഹിച്ചായിരിക്കും ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുക. എന്നാല്‍ വരുമാനം ലഭിക്കണമെന്നതായിരിക്കും ബിസിനസ് ആരംഭിക്കുന്നയാളുടെ പ്രധാന ചിന്ത. ബിസിനസിനെ ഒരു ജീവിത മാര്‍ഗമായാരിക്കും അവര്‍ കാണുക. ഇതാണ് സ്റ്റാര്‍ട്ടപ്പും ബിസിനസും തമ്മിലുള്ള പ്രധാന വിത്യാസം.

പ്രശ്‌ന പരിഹാരം

സ്റ്റാര്‍ട്ടപ്പ് എപ്പോഴും ഒരു നൂതനമായ പ്രശ്‌ന പരിഹാരം മുന്നോട്ട് വയ്ക്കുന്നു. അവരുടെ സംരംഭവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കില്‍ നൂതനമായതും ഭാവിയിലെ മാറ്റങ്ങളെയെയും മുന്നില്‍ കണ്ടായിരിക്കും പ്രശ്‌ന പരിഹാരം കാണുക. എന്നാല്‍ താല്‍ക്കാലിക പ്രശ്‌ന പരിഹാരങ്ങളോ യാതൊരു പുതുമയും ഇല്ലാത്ത പ്രശ്‌ന പരിഹാരങ്ങളോ ആയിരിക്കും ബിസിനസ് മുന്നോട്ട് വയ്ക്കുക.

സാങ്കേതിക വിദ്യയുടെയും വിവരങ്ങളുടെയും ഉപയോഗം

സ്റ്റാര്‍ട്ടപ്പ് എത്ര ചെറുതാണെങ്കിലും അവര്‍ സാങ്കേതിക വിദ്യയെയും ലഭിക്കുന്ന വിവരങ്ങളെയും നല്ല രീതിയില്‍ ഉപയോഗിക്കും. സംരംഭത്തിന്റെ പ്രവര്‍ത്തനത്തില്‍ സാങ്കേതിക വിദ്യയെ നന്നായി ഉപയോഗിക്കുകയും അതിലൂടെ ശേഖരിക്കുന്ന വിവരങ്ങളെ വിശദമായി വിശകലനം ചെയ്ത് അവരുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും. എന്നാല്‍ ഇതുപോലെയുള്ള രീതി ബിസിനസ് പിന്തുടരുന്നില്ല. മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്യാതെയാണ് പലപ്പോഴും ബിസിനസ് തീരുമാനങ്ങള്‍ എടുക്കുന്നത്.

പ്രൊഫഷണല്‍ രീതി

ചെറിയ സ്റ്റാര്‍ട്ടപ്പ് ആണെങ്കിലും തുടക്കത്തില്‍ തന്നെ പ്രൊഫഷണല്‍ രീതി പിന്തുടരുന്നു. കൂടാതെ എല്ലാ പ്രവര്‍ത്തനങ്ങളിലും സ്റ്റാര്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ ചെയ്യും. സംരംഭവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡോക്യുമെന്റ് ചെയ്യാനും ശ്രദ്ധിക്കും. കാരണം ഇവയൊക്കെ സംരംഭത്തിന് വളര്‍ച്ച ഉണ്ടാകാന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട.് ബിസിനസുകള്‍ പലപ്പോഴും ചിട്ടയായ രീതി പിന്തുടരുകയോ തുടക്കത്തില്‍ തന്നെ വിവരങ്ങള്‍ ഡോക്യുമെന്റ് ചെയ്യാന്‍ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല.

ജീവനക്കാരുടെ ഗുണ നിലവാരം

സ്റ്റാര്‍ട്ടപ്പ് എപ്പോഴും ഏറ്റവും മികച്ച ജീവനക്കാരെ നിയമിക്കാന്‍ ശ്രദ്ധിക്കും. പലപ്പോഴും നല്ല കഴിവുള്ള ജീവനക്കാരനെ നിയമിക്കുന്നതില്‍ ശമ്പള പരിധിക്ക് പോലും അവര്‍ പ്രാധാന്യം നല്‍കാറില്ല. പക്ഷേ ബിസിനസില്‍ ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍ ലഭിക്കുന്ന ജീവനക്കാരെയായിരിക്കും നിയമിക്കുക.

സംരംഭത്തിന്റെ ലാഭം

സ്റ്റാര്‍ട്ടപ്പ് ഒരിക്കലും ലാഭ കേന്ദ്രീകൃതമായി ആരംഭിക്കുന്നവയല്ല. അവരുടെ ആശയം ജനങ്ങളിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കാനും അതിലൂടെ വളര്‍ച്ചയുണ്ടാക്കാനുമായിരിക്കും സ്റ്റാര്‍ട്ടപ്പ് ശ്രമിക്കുക. നഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കില്ല. ബാഹ്യമായ ഫണ്ടിംഗിലൂടെയാണ് അവര്‍ ഇതിനെയൊക്കെ മറികടക്കുന്നത്. ബിസിനസില്‍ എപ്പോഴും ലാഭ കേന്ദ്രീകൃതമായിരിക്കും. 

ബാഹ്യ ഫണ്ടിംഗ് 

സ്റ്റാര്‍ട്ടപ്പ് കൂടുതലായും ബാഹ്യ ഫണ്ടിംഗ് മാര്‍ഗത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുമ്പോള്‍ സംരംഭകന്‍ തന്നെയായിരിക്കും മുതല്‍ മുടക്കുക. എന്നാല്‍ വലിയ നഷ്ടത്തിലും അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് ബാഹ്യ ഫണ്ടിംഗ് ലഭിക്കുന്നത് കൊണ്ടാണ്. കമ്പനി വളര്‍ന്നു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഗുണങ്ങളുടെ പ്രതീക്ഷയിലാണ് അവര്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വയമായും ചുറ്റുമുള്ളവരില്‍ നിന്നും ഏഞ്ചല്‍ ഇന്‍വെസ്റ്റിങ്, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ് സ്‌ററാര്‍ട്ടപ്പുകള്‍ ഫണ്ട് കണ്ടെത്തുന്നത്. പക്ഷേ ബിസിനസില്‍ ഇങ്ങനെയൊരു മാര്‍ഗം ഉപയോഗിക്കുന്നില്ല.

സംരംഭത്തിന്റെ ലക്ഷ്യം

ബിസിനസിന്റെ ലക്ഷ്യം എപ്പോഴും ബിസിനസ് വളര്‍ത്തിയെടുത്ത് ഭാവി തലമുറയ്ക്കും പ്രയോജനപ്പെടുത്തണം എന്നതായിരിക്കും. ബിസിനസ് വിജയം മാത്രമായിരിക്കും അവരുടെ ലക്ഷ്യം. എന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ദീര്‍ഘകാലം നിക്ഷേപമായി പലരും സ്റ്റാര്‍ട്ടപ്പുകളെ കാണാറില്ല. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്(ഐപിഒ) ആയി കമ്പനി പബ്ലിക് ആകുക, കമ്പനിയുടെ വളര്‍ച്ചയ്ക്ക് ശേഷം മറ്റ് വന്‍കിട കമ്പനികള്‍ അവരുടെ സ്റ്റാര്‍ട്ടപ്പുകള്‍ വിറ്റ് വലിയൊരു തുക കണ്ടെത്തുക, മറ്റ് കമ്പനിയുമായി ലയിക്കുക എന്നൊതൊക്കെയായിരിക്കും സ്റ്റാര്‍ട്ടപ്പുകളുടെ ലക്ഷ്യം.

പരാജയത്തിന്റെ തോത്

എല്ലാവരെയും സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് സ്റ്റാര്‍ട്ടപ്പിന്റെ പരാജയ തോത് തന്നെയാണ്. 90 ശതമാനത്തിന് മുകളിലാണ് സ്റ്റാര്‍ട്ടപ്പിന്റെ പരാജയ തോത്. പുതിയ ഒരു ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം, സാങ്കേതിവിദ്യയുടെ ഉപയോഗം, ലാഭം ഉണ്ടാകാതിരിക്കുക, ബാഹ്യ ഫണ്ട് ലഭിക്കാതിരിക്കുക തുടങ്ങിയവ കാരണം സ്റ്റാര്‍ട്ടപ്പുകളുടെ പരാജയ തോത് വളരെ കൂടുതലാണ്. പുതുമയില്ലാത്ത ആശയം, ലാഭത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം എന്നിവയൊക്കെ കാരണം ബിസിനസില്‍ പരാജയം കുറവായിരിക്കും.

ഇവിടെ പറഞ്ഞ എല്ലാ കാര്യങ്ങളും എല്ലാ സ്റ്റാര്‍ട്ടപ്പുകളും എല്ലാ ബിസിനസുകളും ചെയ്യുന്നതല്ല. എന്നാല്‍ പ്രധാനമായു ഇവയൊക്കെയാണ് സ്റ്റാര്‍ട്ടപ്പും ബിസിനസും തമ്മിലുള്ള വ്യത്യാസം. സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവയെ കുറിച്ചുള്ള എല്ലാ വശങ്ങളും മനസിലാക്കിയായിരിക്കണം മുന്നോട്ട് പോകേണ്ടത്. പരാജയത്തിന്റെ തോത് കൂടുതലാണെങ്കിലും സ്റ്റാര്‍ട്ടപ്പ്  എന്ന ആശയം നല്ല രീതിയിലുള്ള പദ്ധതിയിലൂടെയും പ്രവര്‍ത്തനത്തിലൂടെയും മുന്നോട്ട് പോയാല്‍ വിജയിക്കാവുന്നതാണ്.  
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.